പുരാതന കാലത്ത്, ലോകത്തെ ഒരു പ്രധാന വാണിജ്യതുറമുഖമെന്ന് അനുമാനിക്കപ്പെടുന്ന സ്ഥലമാണ് മുസിരിസ്. ചേര രാജാക്കന്മാരുടെ പ്രധാന തുറമുഖ നഗരമായിരുന്ന മുസിരിസ് 2500 കൊല്ലം മുൻപ് ലോകത്തെ പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്നു. സുഗന്ധവ്യഞ്ജനങ്ങൾ മുതൽ അമൂല്യരത്നങ്ങൾ വരെ ഗ്രീക്കുകാർ, റോമാക്കാർ തുടങ്ങിയ പ്രമുഖ വാണിജ്യ രാജ്യങ്ങളുമായി കച്ചവടം ചെയ്തിരുന്നു.
ചേരനഗരമായിരുന്ന ഇന്നത്തെ കൊടുങ്ങല്ലൂരാണ് മുസിരിസ് എന്നായിരുന്നു പുരാവസ്തുഗവേഷകർ കരുതിയിരുന്നത്. പിന്നീട് നടന്ന ഖനനങ്ങൾ പ്രകാരം മുസിരിസ് വടക്കൻ പറവൂരിനടുത്തുള്ള പട്ടണം എന്ന പ്രദേശം ആണെന്ന വാദവുമുണ്ടായി. എന്നാൽ തുറമുഖമെന്ന കേന്ദ്ര പ്രദേശത്തിനോട് ചേർന്ന് വിശാലമായ പ്രദേശത്തു പരന്നുകിടന്നിരുന്ന പട്ടണങ്ങളുടെ ഒരു സാംസ്കാരിക സഞ്ചയമാണ് പൊതുവിൽ മുസിരിസ് എന്നാണ് കരുതുന്നത്. ഇന്ന് വടക്കൻ പറവൂർ മുതൽ മതിലകം വരെ മുസിരിസ് ഹെറിറ്റേജ് പ്രദേശത്തിന്റെ ഭാഗമാണ്.
കന്യാകുമാരി ജില്ലയിലെ 'മുൻചിറ' പുരാതന മുസിരിസ് ആണെന്ന മറ്റൊരു വാദവും ഉയർന്നു വന്നിട്ടുണ്ട്. Watch Video.